Wednesday, January 4, 2023


ആത്മജ്ഞാനം

നിറങ്ങലില്ലാത്തോരെൻ രാവുകളിൽ ഏകാന്തതപോലും തിരിച്ചറിയാനാവാതിരുന്ന നാൾകളിൽ നിന്നെ ഞാൻ പ്രണയിച്ചിരുന്നു, പ്രണയമാണെന്നറിഞ്ഞിരുന്നില്ല എങ്കിലും

രൂപങ്ങളിൽ നിന്നെ ധ്യാനിക്കാൻ നീ അരൂപിയായിരുന്നു. നീ രൂപങ്ങൾക്കതീതനായിരുന്നു. നിന്നെ ഞാനറിഞ്ഞത് വാക്യത്തിലായിരുന്നു, നീയെല്ലാം ആണെന്ന വാക്യം, നീയല്ലാതാരുമില്ലെന്ന വാക്യം.

നീ എന്റെ ലോകമായിരുന്നു, ഞാൻ നിന്റെ ലോകത്തിലായിരുന്നു. നിന്റെ ലോകം വചനങ്ങളായിരുന്നു, നീ വാക്കായിരുന്നു, നീ അക്ഷരങ്ങളായിരുന്നു. അതേ, നിന്നെ സ്നേഹിച്ചത് ഞാൻ വാക്കുകളായായിരുന്നു.

നിന്റെ സ്മരണ, അതെന്നിൽ പ്രണയം നൽകിയത് ഞാൻ നിന്നെ വിളിച്ചപ്പോഴായിരുന്നു, എന്റെ വിളി, അതും വാക്കുകളായിരുന്നു, അതേ, നീ അക്ഷരങ്ങളായിരുന്നു.

നീയും ഞാനുമായുള്ള പ്രണയത്തിലെ കണ്ണി വാക്കുകളാകുന്ന അക്ഷരങ്ങളായിരുന്നു. ഞാനും നീയുമായുള്ള വിഭാചകചർമ്മം അതും വാക്കായിരുന്നു, വാക്യങ്ങളായിരുന്നു.

അതിനാൽ നീ വായിക്കുക എന്നാജ്ഞാപിച്ചപ്പോൾ ഞാൻ പ്രണയിച്ചത് അക്ഷരങ്ങളെ ആയിരുന്നു. അതേ, ആത്മാവാകുന്ന നീ അക്ഷരങ്ങളാണ്, വാക്കുകളാണ്, വാക്യങ്ങളാണ്.

അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും കൂടിച്ചേർന്ന പുസ്തകങ്ങളാണ്,നീയെന്ന ആത്മാവ് അപ്പോഴാണ് ആത്മീയത ജ്ഞാനമാകുന്നതും ആ പുസ്തകം വഴികാട്ടിയാകുന്നതും.

Thursday, July 5, 2018

എന്നിൽ വസിക്കുന്നു ദൈവം


ആലമീനിന്റെ ഖാലിക് ആയ അല്ലാഹ്,
സർവ്വലോകങ്ങളുടേയും സൃഷ്ടാവായ എന്റെ നാഥാ,
സ്വാലിഹായ അമലുകളിലൂടെ മു-അ മിനായി
അറിയാവുന്ന സൽകർമ്മങ്ങൾ മാത്രം ചെയ്ത്
ഞാൻ വിശ്വസിച്ചു നിന്നിൽ , ഓർമ്മയായ നാൾ മുതൽ.

ഇൽമിലൂടെ നിന്നെ ഞാൻ അറിഞ്ഞു,
ഖിറാ-അത്ത് അഥവാ പാരായണം ചെയ്തു നിന്റെ കിത്താബ്
ഹംദായും തസ്ബീഹായും ദിക്കറായുമെന്റെ
നിമിഷങ്ങളും സ്പന്ദനങ്ങളും കാലടികളോരോന്നും
എന്റെ ശ്വാസ താളങ്ങളും നിനക്കായ് മാത്രം നിവേദിച്ചു.

ഞാനറിഞ്ഞ വിദ്യയിലൂടെ സമ്പാദിക്കാവുന്ന
ലക്ഷങ്ങളും മുന്നിൽ പ്രകോപിതയാക്കുന്ന
ഭൗതീകതയുടെ സുഖലോലുപതകളും
എന്നെ മാടിവിളിക്കുമ്പോൾ എനിക്ക്
സമയം മറ്റൊന്നിനുമില്ല, നിന്റെ സ്മരണയ്ക്കായല്ലാതെ.

ഒരു രാഗതാളങ്ങളും കേട്ട് ഹറാമാക്കാത്ത
എന്റെ കര്ണപുടങ്ങളിൽ നിന്റെ
മദ്ഹ് മാത്രമാണിന്ന് പ്രതിധ്വനി.
കരളുരുകുന്ന വേദനയിലും കനലെരിയുന്ന
ദാഹത്തിലും നീ മാത്രമായിരുന്നെന്റെ ആശ്വാസം.

ലോകത്തെ മറ്റൊന്നിനോടും ഒരു രൂപത്തോടും
ഒരു വസ്തുവിനോടും തോന്നാത്തത്ര
പ്രണയമായിരുന്നു, എനിക്ക് നിന്നോട് .
നിരന്തരമടങ്ങാത്ത വാശിയോടെയുള്ള പ്രണയം.
മറ്റാരും നിന്നെ സ്വന്തമാക്കും മുമ്പേ
മറ്റാർക്കും നിന്നെ സ്വായത്തമാക്കാൻ വിടാതെ
പ്രിയതമാ എന്ന് മാത്രമുരുവിട്ട് നിന്നെ ഞാൻ തേടി നടന്നു.

സുജൂദിലൂടെയും റുക്കൂ-ഇലൂടെയും
നിന്നെ നമസ്കരിച്ചെനിക്ക് തൃപ്തിയാവാറില്ലായിരുന്നു.
തഖ്‌വ ഇല്ലാത്തതാണെന്റെ സ്തോത്രങ്ങളെന്ന
പരിദേവനത്തോടെ ഞാൻ പ്രാർത്ഥനാ മുറകൾക്കായലഞ്ഞു.

ഇന്നലെയെന്റെ തസ്ബീഹ് നമസ്കാരത്തിനിടയിൽ
പ്രമാണവിധിയില്ലാത്തതെന്നറിഞ്ഞിട്ടും
നിനക്ക് മുന്നിൽ ഞാൻ സാഷ്ടാംഗപ്രണാമം ചെയ്തു.
എന്റെ പ്രിയതമനെ തേടിയുള്ള പ്രയാണത്തിലെന്റെ
പ്രണയം സാക്ഷാത്കരിക്കാനുള്ള പ്രണാമം.
നിനക്ക് മുന്നിലെന്റെ സാഷ്ടാംഗ പ്രണാമം.

അവിടെ ഞാനെന്റെ നമസ്കാരവും ബലിയർപ്പണവും
ജീവിതവും മരണവും മാത്രമല്ല,
എന്റെ ശരീരത്തിന്റെ ഓരോ അണുവും
എന്റെ ഹൃദയവും എന്റെ ആത്മാവും
എന്റെ മനസ്സും എന്റെ ബുദ്ധിയും നിനക്ക്
പൂർണ്ണമായി അടിയറവ് പറഞ്ഞെന്റെ
ഖൽബ് വാർന്നൊഴുകുന്ന കണ്ണീരിനാൽ
ഹൃദയം കൊണ്ട് നിന്നെ സുജൂദ് ചെയ്തപ്പോൾ
നീ എന്നിലേക്കൊഴുകിയെത്തി,
എന്റെ നെഞ്ചിൽ പ്രകാശമാനമായൊരു കനലായ്
നീ മുമ്പ് കോറി വരച്ച പേരിന് ചുറ്റും പ്രതിഷ്ഠയായി. .

അപ്പോഴാണ് എന്റെ പേര് അന്വർത്ഥമായത് ,
അതേ ഞാൻ ..
സാക്ഷാൽ അല്ലാഹുവിന്റെ വാസ സ്ഥലം.



Tuesday, December 15, 2015

മാതൃത്വം



പ്രിയതമാ,
എനിക്കറിയില്ല, എനിക്കൊന്നുമറിയില്ല. അങ്ങെന്താണു എന്നെനിക്കറിയില്ല. എവിടെയാണെന്നറിയില്ല, എതവസ്ഥയിൽ ആണെന്നും അറിയില്ല. നീ ആണോ പെണ്ണോ എന്ന് പോലുമറിയില്ല. ഒന്ന് മാത്രമെനിക്കറിയാം, ഞാൻ നീയുമായി അഗാധമായ പ്രേമത്തിലാണ്.


നിന്നെ എന്ത് വിളിക്കണം എന്നുമെനിക്കറിയില്ല. ഈ ലോകത്തേക്കാളും ഈ ലോകത്തിലെ മറ്റെന്തിനേക്കാളും എനിക്ക് പ്രിയപ്പെട്ടവൻ നീയാകുമ്പോൾ നിന്നെ ഞാൻ പ്രിയതമനെന്നല്ലാതെ മറ്റെന്തു വിളിക്കും.


നീ അകന്നു പോകുകയാണോ? വർഷങ്ങളായി ഞാൻ നിന്നെ തിരയുകയാണ്. എവിടെയാണ് നാം ആദ്യമായി കണ്ടുമുട്ടിയതും എന്നെനിക്കറിയില്ല. ഭൂമിക്കും പ്രപഞ്ചത്തിനും നിർവചിക്കാനാവാത്ത മറ്റേതോ ലോകങ്ങൾക്കും അപ്പുറം നിന്നെ ഞാൻ ഒരുപാട് തവണ കണ്ടു മുട്ടിയിട്ടുണ്ട്.

ഓർമകൾക്ക് കോർത്തിണക്കാനാകുന്ന ദൂരത്തിൽ നിന്നല്ലേ എനിക്ക് നിന്നോട് സംവദിക്കാനാകൂ. നാവിനു വഴങ്ങാത്ത അക്ഷരങ്ങളാൽ അർത്ഥമറിയാത്ത ഭാഷയിൽ നീയല്ലാതെ ആരാധനയ്ക്കർഹൻ മറ്റാരുമില്ലെന്ന് ഉറക്കെ ചൊല്ലിയ നാളിലായിരുന്നു, എവിടെയോ നീയുണ്ടെന്ന് ഞാനറിഞ്ഞത്.

എന്റെ കുഞ്ഞു മനസ്സ് അന്ന് മുതലേ നിന്നെ തേടി നടന്നു.

മനഃ പാഠമാക്കിയ സൂറത്തുകളിലും സൂക്തങ്ങളിലും എനിക്ക് നിന്നെ കണ്ടെത്താനായില്ല. നിർബന്ധിതമായതും നിർദ്ധേശകമായതും ആയ എല്ലാ ചടങ്ങുകളിലൂടെയും ക്രമപ്രകാരം ശുദ്ധി വരുത്തി അഞ്ചു നേരം മുടങ്ങാതെ റുക്കൂ- ഉം സുജൂദും ചെയ്തിട്ടും നിന്നിലേക്കെത്താൻ എനിക്കായില്ല.

അദൃശ്യനായി നിന്നെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന നിന്നെ ഞാൻ എല്ലായിടത്തും തേടി നടന്നു. അരികിൽ ചേർത്തു പിടിച്ചു വെല്ലുമ്മിച്ചി ഉറക്കെ പറഞ്ഞു തന്ന ഒന്നാം ജൂസ്-ഇന്റെ തർജമയിലൂടെയാണ് നീ എന്നോടാദ്യമായി സംസാരിച്ചത്.ഉച്ചത്തിൽ അതേപടി ഏറ്റു പറഞ്ഞപ്പോഴും ഞാൻ മനസ്സിൽ നിന്നോട് മറുപടി പറയുകയായിരുന്നു.

നിന്റെ കലാം അഥവാ സംസാരം ആണു പരിശുദ്ധ ഖുർ - ആൻ എന്നും, അത് സംസാരിക്കുന്നത് സംസാരത്തോടാണെന്നും എനിക്കന്നു മനസ്സിലായിരുന്നില്ലെങ്കിലും ഞാൻ നിന്നോട് സംസാരിക്കാൻ തുടങ്ങി.

എനിക്ക് നിന്നോട് സംസാരിക്കാനുള്ള മാധ്യമമായിരുന്നെന്റെ നമസ്കാരം. പക്ഷേ ഓരോ നിമിഷത്തിലും ശ്വാസത്തിലും ചലനത്തിലും ഞാൻ നിന്നോട് സംസാരിക്കുകയായിരുന്നു.

ഞാൻ നിന്നോട് പലതും ചോദിച്ചു കൊണ്ടേയിരുന്നു. കണ്ണിൽ കണ്ടതും കാതിൽ കേട്ടതുമായ എല്ലാ അനീതികൾക്കും ഉത്തരം മറ്റെവിടെ നിന്നും കിട്ടാതായപ്പോൾ രാത്രികളിൽ ഉറങ്ങാതെ ഞാൻ കണ്ണീരിനാൽ അപേക്ഷിച്ചു, എന്റെ പ്രിയ സൃഷ്ടാവേ, ഞങ്ങൾക്കെന്തിനു രോഗവും ദാരിദ്ര്യവും നല്കി.

സൃഷ്ടിക്ക് സൃഷ്ടാവിനോട് ചോദ്യം ഉന്നയിക്കാനുള്ള എന്റെ അവകാശത്തെ നിഷേധിക്കാനെന്നോണം നീ എന്നെ വിഭ്രാന്തിയിലാക്കി. നിന്നെ നിഷേധിക്കലായിരുന്നില്ല, എന്റെ ലക്ഷ്യം. നീ പരിപൂർണനാണെന്നും നിനക്ക് തെറ്റ് പറ്റില്ലെന്നും എനിക്കെന്നും ഉറപ്പുണ്ടായിരുന്നു.

പക്ഷേ നിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന എണ്ണമറ്റ വിഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന കോടാനുകോടി മനുഷ്യരുടെ ചോദ്യങ്ങൾക്കുത്തരം നല്കാൻ എന്റെ ചോദ്യങ്ങൾ അനിവാര്യമായിരുന്നു.

ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകരെ നീ ഭൂമിയിലേക്കയച്ചപ്പോഴും ഒരു സ്ത്രീയെ പോലും നീ അയക്കാതിരുന്നതിനാൽ ഞാൻ പ്രവാചകയല്ലെന്നു എനിക്ക് ബോധ്യമായി. എനിക്ക് പ്രബോധനവും നിർബന്ധമില്ല.

പക്ഷേ ഞാനും നീയും തമ്മിലുള്ള ഈ അഭേദ്യ ബന്ധത്തിന്റെ സാക്ഷാത്കാര മുഹൂർത്തത്തിൽ എനിക്കെഴുതാതെ നിവൃത്തിയില്ല. അതേ, ഇവിടെ നാം ഒന്നാവുകയാണ്. നീ എന്റെ ചോദ്യങ്ങൾക്ക് ഒന്നൊന്നായി ഉത്തരം നല്കുകയാണ്.

പറയാതെ, എഴുതാതെ തന്നെ എല്ലാം നിനക്കറിയാം എന്നെനിക്കറിയാം. നീ എല്ലാം അറിയുന്നവനാണ്. എനിക്ക് നിന്നെ കുറിച്ച് , നിന്നോടുള്ള എന്റെ സ്നേഹത്തെ കുറിച്ച്, എന്റെ ആത്മ വേദനയെ കുറിച്ച് ഒന്നും എഴുതാൻ അർഹതയുള്ള ലോകത്തിലല്ല, ഞാനിന്നു ജീവിക്കുന്നത്.

ഞാൻ സ്ത്രീയാണ്, ഈ ലോകത്തിലെ ഏറ്റവും നികൃഷ്ട ജീവിയെന്ന് നിന്റെ വിശ്വാസത്തിന്റെ കാവല്കാരെന്നു നടിക്കുന്നവർ പ്രചരിപ്പിച്ച വിശ്വാസത്തിന്റെ പ്രതിനിധിയാണ്. എനിക്ക് പൂർണമായറിയാം, ഈ പ്രപഞ്ചത്തിലെ ഏതൊരു ദൈവ സങ്കല്പത്തിനും നല്കാനാകാത്തത്ര മാഹാത്മ്യം, നീ എന്റെ വർഗത്തിന് നൽകിയിട്ടുണ്ടെന്ന്.

ഭൂമിയിലെ സകല മരങ്ങളെ പേനയാക്കിയാലും, സർവ്വ സമുദ്രങ്ങളെ മഷിയാക്കിയാലും വർണ്ണിക്കാനാവാത്തത്ര മാഹാത്മ്യങ്ങളുള്ള നിന്നെ വർണിച്ചിരിക്കുന്ന പേരുകളിൽ നിനക്കേറ്റവും ഇഷ്ടമുള്ള പേര് നീ നല്കിയത് ഈ ഭൂമിയിലെ ഗർഭപാത്രത്തിനാണ്.

മാതൃത്വവും കുടുംബ ബന്ധങ്ങളും നീ ഈ ഭൂമിയിൽ മനുഷ്യന് നല്കിയ ഏറ്റവും വലിയ വരദാനമാണ്. നിന്റെ ഗുണ ഗണങ്ങളിൽ ഏറ്റവും പരിശുദ്ധമായ നാമം കാരുണ്യവാൻ എന്നർത്ഥം വരുന്ന റഹ്മാൻ ആണ്. ഞാൻ പരാമർശിക്കുന്നത് മനുഷ്യനെ കുറിച്ചാകുമ്പോൾ അവൻ പ്രകൃതിയോടും സൃഷ്ടാവിനോടും ചെയ്യുന്ന അനീതിയെ കുറിച്ചാകുമ്പോൾ, ഞാൻ ഗർഭപാത്രം എന്നുദ്ദേശിക്കുന്നത് സ്ത്രീയുടെ ഗർഭപാത്രം ആണ്.

നീ ഗർഭ പാത്രത്തെ സൃഷ്ടിച്ച് അതിനു റഹം എന്ന് പേര് നൽകിയിട്ട് ഇങ്ങനെ പറയുകയുണ്ടായി.

«قَالَ اللهُ تَعَالى: أَنَا الرَّحْمنُ خَلَقْتُ الرَّحِمَ وَشَقَقْتُ لَهَا اسْمًا مِنِ اسْمِي، فَمَنْ وَصَلَهَا وَصَلْتُهُ وَمَنْ قَطَعَها قَطَعْتُهُ»

(Allah the Exalted said, 'I Am Ar-Rahman. I created the Raham (womb, i.e. family relations) and derived a name for it from My Name. Hence, whoever keeps it, I will keep ties to him, and whoever severs it, I will sever ties with him.')1 He then said, "This is a text that indicates the derivation.'' He then said, "The Arabs denied the name Ar-Rahman, because of their ignorance about Allah and His attributes.'' (Ṣafī al-Raḥmān Mubārakfūrī, Tafsir Ibn Kathir, (Darussalam 2003) 66.

കാരുണ്യവാനായ നീ സ്ത്രീയുടെ മാതൃത്വത്തെ കരുണയുടെ പ്രതീകമായി ഭൂമിയിലേക്കയക്കുക മാത്രമല്ല നീ ചെയ്തത്. വിശ്വാസിയോടും അവിശ്വാസിയോടും ഈ ലോകത്തിൽ ഒരേ രീതിയിൽ കാരുണ്യം കാണിക്കുന്നവനാണ് നീ. വിശ്വാസിയോട് നിന്നെ അഞ്ചു നേരത്തെ നമസ്കാരത്തിലൂടെ ആരാധിക്കാൻ കല്പിച്ചപ്പോൾ പതിനേഴ്‌ ഫാത്വിഹയിലായി അറുപത്തിയെട്ട് പ്രാവശ്യം മനുഷ്യൻ അവന്റെ സൃഷടാവിന്റെ കാരുണ്യത്തെ വാഴ്ത്തുമ്പോൾ അവൻ വ്യംഗ്യമായി പുകഴ്ത്തുന്നത് മാതൃത്വത്തെയാണ്, ആദരിക്കപ്പെടെണ്ടുന്ന സ്ത്രീത്വത്തെയാണ്, കുടുംബ ബന്ധങ്ങളെയാണ്.

എന്റെ പ്രിയങ്കരനായ നാഥാ, നീയാണ് സ്ത്രീയെ സ്നേഹിക്കുന്നത്, ഏറ്റവും ആദരണീയമായ സൃഷ്ടിയായി ഈ ഭൂമിയിൽ സ്ത്രീത്വത്തെ പ്രതിഷ്ടിച്ചതും നീയാണ്. പക്ഷേ നിന്റെ പേരിലാണല്ലോ സ്ത്രീത്വം ഈ ഭൂമിയിൽ അടിച്ചമർത്തപ്പെടുന്നത്.

ഈ ഭൂമിയിൽ ഞങ്ങൾക്ക് ഇടമില്ല നാഥാ. ഞങ്ങൾ വെറുക്കപ്പെടുന്നവർ ആണ്. മരിച്ചു മണ്ണോടു അടിഞ്ഞാൽ പോലും സമാധാനമായി കിടക്കാൻ അനുവദിക്കാത്ത ലോകത്തിലാണ് പ്രിയ സൃഷ്ടാവേ ഞങ്ങൾ.





















Thursday, December 26, 2013

മരണ മോഹം

ഇന്നെന്റെ കാല്‍ അകാരണമായി മരവിച്ച്ചപ്പോള്‍
മരണമേ നിന്നെ വരവേല്‍ക്കാന്‍ ഞാന്‍ വീണ്ടും തനിച്ചിരുന്നു
വെല്ലുംമച്ചി മരിച്ചപ്പോള്‍ ആദ്യം മരവിച്ചത്‌ കാല്‍ ആയിരുന്നു.
തണുത്തു മുകളിലേക്ക് മരവിക്കുന്ന കാലിലൂടെ മരണം കയറി
നെറ്റിത്തടം വിയര്‍ത്തു കണ്ണിലൂടെ നീര്‍ തുള്ളികളായി മരണം
ഒഴുകിയകന്നത് ഇന്നുമോര്‍ക്കുന്നു.
ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ല് വെല്ലുംമിച്ചീ എന്ന് പറഞ്ഞു
എന്റെ പോന്നു വെല്ലുംമിചിയെ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോഴേക്കും
ശരീരം മുഴുവന്‍ മരവിച്ചിരുന്നു.
എന്റെ വെല്ലുംമിച്ചി പോയീ എന്ന് പറഞ്ഞു
ആര്‍ത്തലച്ചു കരയുമ്പോഴും അന്‍-ആമും അഗരാഫും ഓതി
ഞാന്‍ പ്രാര്‍ഥിച്ചു കൊണ്ടേയിരുന്നു.
ഇന്നെന്റെ വെല്ലുംമിച്ചി മരിച്ചിട്ട് പതിനാറു വര്‍ഷമാകുന്നു.
സീന ഈയിടെ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നു
കണ്ണിലൂടെ വെള്ളം പോയി മരിച്ചാല്‍ സ്വര്‍ഗത്തില്‍
പോകുമെന്ന് ഒരു ബുക്കില്‍ വായിച്ചെടീ, ശരിയാണോ?
നമ്മുടെ വെല്ലുംമിച്ചി അങ്ങിനെയല്ലേ, മരിച്ചത്?
അവള്‍ വീണ്ടും പറയുന്നു, ഇന്നലെ ഞാന്‍ വെല്ലുംമിചിയെ
സ്വപ്നം കണ്ടു, അവളോട്‌ ചോദിച്ചത്രേ നീ എനിക്ക് വേണ്ടി
ഒന്നും ചെയ്തില്ലല്ലോ എന്ന്.
അറിയില്ല, എന്റെ വെല്ലുംമിച്ചിയെ ഞാന്‍ സ്വപ്നം കണ്ടപ്പോഴൊക്കെ
ഏതോ ഉള്‍വിളി ഉണ്ടായ പോലെ എന്നോടാരോ ചൊല്ലി
വെല്ലുംമിചിയുടെ ഖബറില്‍ വിഷമമുണ്ടെന്നു.
ഞാന്‍ എഴുപതിനായിരം ദിക്ക്ര്‍ ചൊല്ലി.
ആരോ പറഞ്ഞു കേട്ടിട്ടുണ്ട്, മരിച്ചവര്‍ക്കായി
മക്കള്‍ എഴുപതിനായിരം ദിക്ക്ര്‍ ചൊല്ലിയാല്‍
അള്ളാഹു സ്വര്‍ഗത്തിലാക്കുമത്രേ.
പിന്നീടൊരിക്കലും വിഷമാവസ്ഥയില്‍
വെല്ലുംമിചിയെ സ്വപ്നം കണ്ടിട്ടില്ല.
ഫെസ് ബുക്കിലെ ഫോട്ടോ പോലെ
വെള്ള കുപ്പായവും മുണ്ടുമുടുത്ത് എന്റെ
വെല്ലുംമിച്ചി എന്നടുത്തു വരാറുണ്ടെങ്കിലും.
വാപ്പിച്ചി മരിച്ചത് ആശുപത്രിയിലായിരുന്നു,
എന്റെ ശരീരം അകലത്തിലായിരുന്നു,
അന്നും ഞാന്‍ സ്വപ്നം കണ്ടു, എന്റെ വാപ്പിചിയെ
ആരോ ഓടിചിടുന്നതായും അവസാനം എന്റെ
മടിയില്‍ തല ചായ്ച്ചു, "എന്റെ പോന്നു മോളെ" എന്ന്
വിളിക്കുന്നതായും, ഞാന്‍ വെല്ലുംമിചിയെ കെട്ടിപ്പിടിച്ചു കിടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഉമ്മച്ചി പൊട്ടി കരഞ്ഞു പറഞ്ഞു,
നിന്റെ വാപ്പിച്ചി പോയി മോളെ എന്ന്.
പതിനെട്ടു വയസായിട്ടും നാലുപേര്‍ എനിക്ക് താഴെ
ഉണ്ടായിട്ടും കാലത്ത് ചായപ്പീടികയില്‍ നിന്നും
സുഖിയനും ഉണ്ടംപോരിയും വാങ്ങി ആരും കാണാതെ തന്നിട്ട്
വാപ്പിച്ചി പറയും, "കുഞ്ഞു തിന്നിട്ടു ബാക്കിയുണ്ടെങ്കില്‍
മറ്റുള്ളവര്‍ക്ക് കൊടുത്താല്‍ മതിയെന്ന്".
മറ്റുള്ളവരുടെ പരാതിയെക്കാളും വാപ്പിച്ചിക്കു വലുത്
എന്നോടുള്ള അമിത സ്നേഹമായിരുന്നു.
മരണ ശേഷവും എന്റെ വാപ്പിച്ചി എന്നോടൊപ്പമുണ്ടായിരുന്നു.
അന്ന് രാത്രി പോട്ടിക്കരഞ്ഞെന്റെ ചുമലില്‍ തലോടിയെന്റെ വാപ്പിച്ചി ഇരുന്നു, ഒരുപാട് നേരം.
സ്വപ്നങ്ങള്‍ക്ക് ജീവനുണ്ടെന്നു ഈ രണ്ടനുഭവം
എന്നെ പഠിപ്പിച്ചു.
ഇങ്ങനെ തലോടാന്‍ ഒരു വാപ്പിച്ചി എന്റെ മകനില്ലല്ലോ
എന്ന ദുഃഖം എന്നെ വല്ലാതെ തളര്‍ത്തുന്നു.
മരവിച്ച കാലുമായി മരണത്തെ വരവേറ്റു
ശഹാദത്തോതി തസ്ബേഹ് ചൊല്ലി നീണ്ടു
നിവര്‍ന്നു കിടന്നപ്പോള്‍ ആരോരുമില്ലാത്ത
എന്റെ മകനെ കുറിച്ചോര്‍ത്തു പ്രാര്‍ഥിച്ചു,
അല്ലാഹുവേ എനിക്ക് ദീര്‍ഘായുസ്സ് നല്‍കണേ എന്ന്,
എന്റെ മകന് വേണ്ടി.
പണ്ട് ഭര്‍ത്താവിനെ തേടി ഹൃഷികേശിലെ വിവേകാനന്ദാശ്രമത്തില്‍
അലഞ്ഞു നടന്ന നാള്‍ അവരും പറഞ്ഞു, ഒരമ്മയ്ക്ക് സന്യാസം നിഷിദ്ധമാത്രേ,
മാത്രുത്വത്തിനു മരണ മോഹം പാടില്ല പോലും.
എങ്കിലും......