Wednesday, November 3, 2010

ഇത് നിനക്കായി മാത്രം.

എനിക്കിനിയും നീ അദൃശ്യനായിരിക്കുന്നതെന്തേ
നിന്റെ വാതിലില്‍ നൈവേദ്യവുമായി ഞാനെത്ര കാലമായി തപസ്സിരിക്കുന്നു. നീ പ്രസാദിക്കുന്നതും കാത്ത്. നിനക്കറിയുമോ? ഇവിടെ എല്ലാവരും കേള്‍വിക്കാര്‍ മാത്രമായകന്നു പോവുകയാണ്. കണ്ടു
നില്‍ക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ചിരിക്കാനൊരു വകയല്ലാതെ
എനിക്കൊന്നും നല്കാനില്ലായിരുന്നു. ഒന്നും. അതോ എനിക്ക് തരാന്‍
അവര്‍ക്കൊന്നുമില്ലായിരുന്നോ? രണ്ടാമത്തേതാണ് കൂടുതല്‍ ശരി.
എന്നിട്ടും ഞാനെന്തേ വീണ്ടും കേള്‍വിക്കാരെ തേടുന്നു. ഞാന്‍ തേടിയത് വെറും
കേള്‍വിക്കാരെയായിരുന്നോ? അല്ലെന്നെനിക്കുറപ്പുണ്ട്. പിന്നെ അവരെല്ലാം
കേള്‍വിക്കാര്‍ മാത്രമായി മാറിയതെപ്പോഴാണ്?

അവര്‍ക്ക് മുന്നിലെല്ലാം ഞാന്‍ ആത്മാവ് തെടിയപ്പോഴാവാം. സഹതാപം
എല്ലാവരും ആവേശത്തോടെ കൊരിച്ചോരിഞ്ഞിരുന്നു, എനിക്കത് പണ്ടേ മടുത്തതാണെന്ന്
അവര്‍ക്കറിയില്ലല്ലോ? സൗഹൃദം എല്ലാവരും മത്സരിച്ചു വാഗ്ദാനം ചെയ്തു,
സാഹചര്യത്തിനനുസരിച്ച്ചു സൌകര്യപൂര്‍വ്വം വ്യാഖ്യാനിക്കാനെളുപ്പമാണല്ലോ അത്.
അര്‍ത്ഥമില്ലാത്ത ആ വാക്കിനോടെനിക്കിന്നു പുച്ച്ചമാണ് തോന്നുന്നത്. ഓരോരുത്തരും
മാറി മാറി ചോദിച്ചു, നീ പ്രതീക്ഷിക്കുന്നതെന്താണ്?
എനിക്കെന്തെങ്കിലും പറഞ്ഞേ മതിയാകൂ, പണം? സംരക്ഷണം? കുടുംബം? സാമൂഹ്യ ബാധ്യത?
ഇവയൊക്കെയാണ്, ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും.
ഇതിനെല്ലാമപ്പുറമായിരുന്ന എന്റെ സങ്കല്പത്തെ അവര്‍ ഭ്രാന്തമെന്നു പരിഹസിച്ചു.
അറിയില്ല, അവര്‍ ശരിയായിരുന്നുവോ? പക്ഷെ ഒന്ന് മാത്രമെനിക്കറിയാം, ഞാന്‍
തേടിയത് ഒരു പ്രതിഷ്ടയെ ആയിരുന്നു, എന്റെ സകല സങ്കല്പങ്ങളും ഉള്‍കൊള്ളാനൊരു
പ്രതിനിധി. കേവലം ശരീരത്തിന്റെ പോലും ആവശ്യമില്ലാത്തൊരു ശ്രോതാവ്.

ഞാന്‍ തേടുന്ന പ്രതിഷ്ടയ്ക്കു ആരാധന മാത്രം നല്കാനായിരുന്നോ? അല്ല .പക്ഷെ ആരാധന എന്ത് , എവിടെ വരെയാകാം? ആരാധനക്കര്‍ഹന്‍ നീയല്ലാതെ മറ്റാരുമില്ലെന്ന് വിശ്വസിക്കലാണ് ഒന്നാമത്തെ പടി . ശരീരം കൊണ്ട് ചെയ്യുന്ന ഏറ്റവും വലിയ ആരാധനയാണ് നമസ്കാരം . പൂര്‍ണമായും ദൈവ ഹിതത്തിനു മുമ്പിലുള്ള കീഴടങ്ങലാണ് ആരാധന . എന്കിലിത് കേവലം അടിമയും ഉടമയും തമ്മിലുള്ള വിധേയത്വം മാത്രമാകുമോ ? പൂര്‍ണമായ ദൈവീക ത്രുപ്തിക്കായുള്ള സന്തോഷത്തിനായുള്ള എന്റെ സമര്‍പ്പണമാണാരാധന . ഇത് വെറും ശരീര ചെഷ്ട്ടകള്‍ മാത്രമാകാമോ? അല്ല , നീ അകത്തും പുറത്തുമുള്ളതറിയുന്നവനാണ്, അതുകൊണ്ട്, എന്റെ തോന്നലുകള്‍ , ആഗ്രഹങ്ങള്‍ , വിചാരങ്ങള്‍ , പറച്ചിലുകള്‍ , പ്രവര്‍ത്തികളെല്ലാം ആരാധനയിലുല്പ്പെടാം.വിശ്വാസിയുടെ ഹൃദയത്തിലാണ് നിന്റെ വാസസ്ഥലം , എങ്കില്‍ എന്റെ ഹൃദയത്തിന്റെ ഭാവങ്ങലോടെറ്റവും അടുത്തവന്‍ നീ തന്നെയല്ലേ , എന്റെ ശ്വാസതാളങ്ങളും എന്റെ ഹൃദയ സ്പന്ദനങ്ങളും തോട്ടറിഞ്ഞെന്നെ തലോടുന്ന നീ ദൈവമായി പൊയതെന്റെ കുറ്റമാണോ?

അന്തരാത്മാവിലിരുന്നെന്റെ ഗാനത്തിന് രാഗം മൂളുന്ന അരൂപിയായ നിന്റെ ഭാവങ്ങളാണ് ഈ കേള്വിക്കാരിലൂടെ കാലങ്ങളായി ഞാന്‍ തേടുന്നതെന്നു പറയാനുമെനിക്കാവില്ലല്ലോ ?നീ ദൈവമല്ലേ ,സകല ചരാചര സൃഷ്ട്ടാവല്ലേ ?
ഒന്ന് മാത്രം നീയറിയുക .
നീ എന്റെ സ്വപ്നമാണ് ,എന്റെ സങ്കല്പമാണ്,എന്റെ ഹൃദയമാണ്,എന്റെ ഹൃദയത്തോടൊട്ടി നില്‍ക്കുന്ന പ്രണയവും നീയാണ് ?
മഴയോടും മഞ്ഞിനോടും മലയോടും മയിലിനോടും
ഞാന്‍ ചൊല്ലിയ പ്രേമം,അത് നിനക്കായ് മാത്രമായിരുന്നു ,
അലകളോടും ആഴിയോടും ഇലകലോടുമീറന്‍ സന്ധ്യയോടു പോലും
ഞാന്‍ പാടിയ കവിതകള്‍ അത് നിനക്കായ് മാത്രമായിരുന്നു .

ആദിത്യനിലുമമ്പിളിയിലും മിന്നി മറയുന്ന നക്ഷത്രത്തിലും
മേഘച്ചുരുള്‍ കൂട്ടിലും മാരിവില്ലിലും നിന്നെ മാത്രം കാത്തെത്ര
കാലം ഞാന്‍ തപസ്സു ചെയ്യുകയാനെന്നോ ?അഞ്ചാം വയസ്സിൽ തുടങ്ങി നിന്നെ അന്വേഷിച്ച് അമ്പതാം വയസ്സിൽ അത് പൂർത്തിയാക്കുമ്പോൾ ഞാൻ നിനക്ക് മുമ്പിൽ പൂർണമായും കീഴടങ്ങുകയായിരുന്നു. അങ്ങിനെ ഞാനും നീയും ഒന്നായി തീരുമ്പോൾ നീയേത് ഞാനേത് എന്ന് തിരിച്ചറിയാനാവാത്ത വിധം നാം ഒന്നായി കഴിഞ്ഞിരിക്കുന്നു.
നീ വരില്ലേ എന്നിലേക്ക്‌, എന്റെ ആത്മാവെത്തിപ്പിടിച്ച്ചു നാമോന്നാവുന്നരപൂര്‍വ്വ ലഹരിയിലേക്ക് .
നിന്നെ ഈ ലോകത്തിലേറ്റവുമധികം സ്നേഹിക്കുന്നതും ഞാനാണ് . ഞാന്‍ മാത്രമാണ്.നീ എന്റെതാണ്, എന്റേത് മാത്രമാണ്.സത്യവിശ്വാസിയായ എന്റെ ഖല്ബിലാണ് നീ വസിക്കുന്നത്. നീ എന്റെ ഹൃദയത്തിലാണ്, എന്റെ ഹൃദയത്തോട് കൂടി ചേര്‍ന്നവനാണ്. എന്റെ ഹൃദയത്തോട് കൂടെയുള്ളവനാണ്.

നീ ആത്മാവാണ്, ബ്രഹ്മമാണ്, ദൈവമാണ്, ഈശ്വരനാണ്, അല്ലാഹുവാണ്, ഇലാഹാണ്.