Wednesday, January 4, 2023


ആത്മജ്ഞാനം

നിറങ്ങലില്ലാത്തോരെൻ രാവുകളിൽ ഏകാന്തതപോലും തിരിച്ചറിയാനാവാതിരുന്ന നാൾകളിൽ നിന്നെ ഞാൻ പ്രണയിച്ചിരുന്നു, പ്രണയമാണെന്നറിഞ്ഞിരുന്നില്ല എങ്കിലും

രൂപങ്ങളിൽ നിന്നെ ധ്യാനിക്കാൻ നീ അരൂപിയായിരുന്നു. നീ രൂപങ്ങൾക്കതീതനായിരുന്നു. നിന്നെ ഞാനറിഞ്ഞത് വാക്യത്തിലായിരുന്നു, നീയെല്ലാം ആണെന്ന വാക്യം, നീയല്ലാതാരുമില്ലെന്ന വാക്യം.

നീ എന്റെ ലോകമായിരുന്നു, ഞാൻ നിന്റെ ലോകത്തിലായിരുന്നു. നിന്റെ ലോകം വചനങ്ങളായിരുന്നു, നീ വാക്കായിരുന്നു, നീ അക്ഷരങ്ങളായിരുന്നു. അതേ, നിന്നെ സ്നേഹിച്ചത് ഞാൻ വാക്കുകളായായിരുന്നു.

നിന്റെ സ്മരണ, അതെന്നിൽ പ്രണയം നൽകിയത് ഞാൻ നിന്നെ വിളിച്ചപ്പോഴായിരുന്നു, എന്റെ വിളി, അതും വാക്കുകളായിരുന്നു, അതേ, നീ അക്ഷരങ്ങളായിരുന്നു.

നീയും ഞാനുമായുള്ള പ്രണയത്തിലെ കണ്ണി വാക്കുകളാകുന്ന അക്ഷരങ്ങളായിരുന്നു. ഞാനും നീയുമായുള്ള വിഭാചകചർമ്മം അതും വാക്കായിരുന്നു, വാക്യങ്ങളായിരുന്നു.

അതിനാൽ നീ വായിക്കുക എന്നാജ്ഞാപിച്ചപ്പോൾ ഞാൻ പ്രണയിച്ചത് അക്ഷരങ്ങളെ ആയിരുന്നു. അതേ, ആത്മാവാകുന്ന നീ അക്ഷരങ്ങളാണ്, വാക്കുകളാണ്, വാക്യങ്ങളാണ്.

അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും കൂടിച്ചേർന്ന പുസ്തകങ്ങളാണ്,നീയെന്ന ആത്മാവ് അപ്പോഴാണ് ആത്മീയത ജ്ഞാനമാകുന്നതും ആ പുസ്തകം വഴികാട്ടിയാകുന്നതും.