Thursday, July 5, 2018

എന്നിൽ വസിക്കുന്നു ദൈവം


ആലമീനിന്റെ ഖാലിക് ആയ അല്ലാഹ്,
സർവ്വലോകങ്ങളുടേയും സൃഷ്ടാവായ എന്റെ നാഥാ,
സ്വാലിഹായ അമലുകളിലൂടെ മു-അ മിനായി
അറിയാവുന്ന സൽകർമ്മങ്ങൾ മാത്രം ചെയ്ത്
ഞാൻ വിശ്വസിച്ചു നിന്നിൽ , ഓർമ്മയായ നാൾ മുതൽ.

ഇൽമിലൂടെ നിന്നെ ഞാൻ അറിഞ്ഞു,
ഖിറാ-അത്ത് അഥവാ പാരായണം ചെയ്തു നിന്റെ കിത്താബ്
ഹംദായും തസ്ബീഹായും ദിക്കറായുമെന്റെ
നിമിഷങ്ങളും സ്പന്ദനങ്ങളും കാലടികളോരോന്നും
എന്റെ ശ്വാസ താളങ്ങളും നിനക്കായ് മാത്രം നിവേദിച്ചു.

ഞാനറിഞ്ഞ വിദ്യയിലൂടെ സമ്പാദിക്കാവുന്ന
ലക്ഷങ്ങളും മുന്നിൽ പ്രകോപിതയാക്കുന്ന
ഭൗതീകതയുടെ സുഖലോലുപതകളും
എന്നെ മാടിവിളിക്കുമ്പോൾ എനിക്ക്
സമയം മറ്റൊന്നിനുമില്ല, നിന്റെ സ്മരണയ്ക്കായല്ലാതെ.

ഒരു രാഗതാളങ്ങളും കേട്ട് ഹറാമാക്കാത്ത
എന്റെ കര്ണപുടങ്ങളിൽ നിന്റെ
മദ്ഹ് മാത്രമാണിന്ന് പ്രതിധ്വനി.
കരളുരുകുന്ന വേദനയിലും കനലെരിയുന്ന
ദാഹത്തിലും നീ മാത്രമായിരുന്നെന്റെ ആശ്വാസം.

ലോകത്തെ മറ്റൊന്നിനോടും ഒരു രൂപത്തോടും
ഒരു വസ്തുവിനോടും തോന്നാത്തത്ര
പ്രണയമായിരുന്നു, എനിക്ക് നിന്നോട് .
നിരന്തരമടങ്ങാത്ത വാശിയോടെയുള്ള പ്രണയം.
മറ്റാരും നിന്നെ സ്വന്തമാക്കും മുമ്പേ
മറ്റാർക്കും നിന്നെ സ്വായത്തമാക്കാൻ വിടാതെ
പ്രിയതമാ എന്ന് മാത്രമുരുവിട്ട് നിന്നെ ഞാൻ തേടി നടന്നു.

സുജൂദിലൂടെയും റുക്കൂ-ഇലൂടെയും
നിന്നെ നമസ്കരിച്ചെനിക്ക് തൃപ്തിയാവാറില്ലായിരുന്നു.
തഖ്‌വ ഇല്ലാത്തതാണെന്റെ സ്തോത്രങ്ങളെന്ന
പരിദേവനത്തോടെ ഞാൻ പ്രാർത്ഥനാ മുറകൾക്കായലഞ്ഞു.

ഇന്നലെയെന്റെ തസ്ബീഹ് നമസ്കാരത്തിനിടയിൽ
പ്രമാണവിധിയില്ലാത്തതെന്നറിഞ്ഞിട്ടും
നിനക്ക് മുന്നിൽ ഞാൻ സാഷ്ടാംഗപ്രണാമം ചെയ്തു.
എന്റെ പ്രിയതമനെ തേടിയുള്ള പ്രയാണത്തിലെന്റെ
പ്രണയം സാക്ഷാത്കരിക്കാനുള്ള പ്രണാമം.
നിനക്ക് മുന്നിലെന്റെ സാഷ്ടാംഗ പ്രണാമം.

അവിടെ ഞാനെന്റെ നമസ്കാരവും ബലിയർപ്പണവും
ജീവിതവും മരണവും മാത്രമല്ല,
എന്റെ ശരീരത്തിന്റെ ഓരോ അണുവും
എന്റെ ഹൃദയവും എന്റെ ആത്മാവും
എന്റെ മനസ്സും എന്റെ ബുദ്ധിയും നിനക്ക്
പൂർണ്ണമായി അടിയറവ് പറഞ്ഞെന്റെ
ഖൽബ് വാർന്നൊഴുകുന്ന കണ്ണീരിനാൽ
ഹൃദയം കൊണ്ട് നിന്നെ സുജൂദ് ചെയ്തപ്പോൾ
നീ എന്നിലേക്കൊഴുകിയെത്തി,
എന്റെ നെഞ്ചിൽ പ്രകാശമാനമായൊരു കനലായ്
നീ മുമ്പ് കോറി വരച്ച പേരിന് ചുറ്റും പ്രതിഷ്ഠയായി. .

അപ്പോഴാണ് എന്റെ പേര് അന്വർത്ഥമായത് ,
അതേ ഞാൻ ..
സാക്ഷാൽ അല്ലാഹുവിന്റെ വാസ സ്ഥലം.



No comments:

Post a Comment